വെർമോണ്ട്: അമേരിക്കയിലെ 45 സംസ്ഥാനങ്ങളിൽ ഇൻഫ്ലുവൻസ പനി അതിവേഗം പടരുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
25 വർഷത്തിനിടയിൽ പനി ലക്ഷണങ്ങളുമായി ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണം റിക്കോർഡ് തലത്തിലാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
ഈ സീസണിൽ ഇതുവരെ ഏകദേശം 5,000 പേർ പനി ബാധിച്ച് മരിച്ചു. ഇതിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 1.1 കോടി ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു. 1,20,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ 45 സംസ്ഥാനങ്ങളിൽ അതിശക്തമായ രീതിയിൽ രോഗം പടരുകയാണ്. കടുത്ത പനി, തൊണ്ടവേദന, വിറയൽ, ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കോവിഡ്, ആർഎസ്വിവി എന്നീ വൈറസുകൾ കൂടി പനിയോടൊപ്പം പടരുന്നത് സ്ഥിതി സങ്കീർണമാക്കുന്നു.
അതേസമയം, ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയം കുട്ടികൾക്ക് വാക്സീൻ നൽകുന്ന കാര്യത്തിൽ പുതിയ പരിഷ്കാരം കൊണ്ടുവന്നത് ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും നിർബന്ധമായും വാക്സീൻ നൽകണമെന്ന മുൻപത്തെ ശുപാർശയിൽ നിന്ന് ആരോഗ്യ മന്ത്രാലയം പിന്മാറി.
ഔദ്യോഗിക പ്രതിരോധ കുത്തിവയ്പ് പട്ടികയിൽ നിന്ന് ഇൻഫ്ലുവൻസ വാക്സീനെ ഒഴിവാക്കി. പനി ഇത്രയും കഠിനമായി പടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വാക്സീൻ ശുപാർശ പിൻവലിക്കുന്നത് അപകടകരമാണെന്ന് ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.